ദിസ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ആസാമില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വാര്‍ത്ത നല്‍കിയതിന്റെ പ്രതികാരമായി മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. കള്ളവോട്ടിനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞെന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ആസാമീസ് ദിനപത്രമായ ദൈനിക് ആസാമിന്റെ മാധ്യമപ്രവര്‍ത്തകനായ രാജന്‍ ദേകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പടിഞ്ഞാറന്‍ ആസാമിലെ നാല്‍ബരി ജില്ലയിലെ മുകല്‍മ്വയിലെ പോളിങ് ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇത് സുരക്ഷാ സേന തടയുകയായിരുന്നു. ഇക്കാര്യമാണ് രാജന്‍ ദേക റിപ്പോര്‍ട്ടു ചെയ്തത്. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ ജിന്തു മേധി ദേകയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി പത്തരയോടെ മറ്റൊരു ബിജെപി പ്രവര്‍ത്തകനായ റിപുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ദേക പറയുന്നു.
പിന്നീട് ബൈക്കില്‍ പോകുകയായിരുന്ന രാജന്‍ ദേകയെ റിപുല്‍ തടഞ്ഞുനിര്‍ത്തുകയും വടികൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. ആക്രമണത്തില്‍ ദേകയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഗോഹത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റി..
Discussion about this post