പാചകം ഏറെ ഇഷ്ടം, എല്ലാവര്‍ക്കും ചായ ഉണ്ടാക്കി കൊടുക്കുന്നത് ഞാന്‍; ഖിച്ച്ടിയും പോഹയും പ്രിയപ്പെട്ട വിഭവങ്ങള്‍; വെളിപ്പെടുത്തി നരേന്ദ്ര മോഡി

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്റെ ഇഷ്ട വിഭവങ്ങളെ കുറിച്ചും പാചകത്തെ കുറിച്ചും മനസ് തുറന്നത്.

ന്യൂഡല്‍ഹി: അടുത്തിടെ ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ജീവിതത്തിലെ പഴയ കാല ഓര്‍മ്മകളും മറ്റും പങ്കുവെച്ചിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്ക് ഒപ്പം പരിഹാസവും ഉയര്‍ന്നിരുന്നു. മോഡിയുടെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍മീഡിയയും രംഗത്തെത്തിയിരുന്നു. എന്നിട്ടും മോഡി തന്റെ വെളിപ്പെടുത്തലുകള്‍ അവസാനിപ്പിക്കുന്നില്ല. ദിനംപ്രതി ചെയ്യുന്ന കാര്യങ്ങളും ഇഷ്ടവിനോദങ്ങളും എല്ലാം തുറന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. എല്ലാ വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും തള്ളിയാണ് മോഡി വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

ഖിച്ച്ടി

ഇപ്പോള്‍ പാചകം ചെയ്യുന്നതും ഇഷ്ടമുള്ള വിഭവങ്ങളുമാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്റെ ഇഷ്ട വിഭവങ്ങളെ കുറിച്ചും പാചകത്തെ കുറിച്ചും മനസ് തുറന്നത്. ഖിച്ച്ടിയും പോഹയുമാണ് തന്റെ ഇഷ്ട വിഭവങ്ങളെന്ന് മോഡി പറയുന്നു. ‘വീട്ടിലുള്ളപ്പോള്‍ ഇഷ്ട ഭക്ഷണമായ ഖിച്ച്ടി ഞാന്‍ സ്വന്തമായി തയാറാക്കും…’ മോഡി പറയുന്നു.

‘വീട്ടിലുള്ളപ്പോള്‍ ഖിച്ച്ടി മാത്രമല്ല, എനിക്ക് വേണ്ട ചായ ഞാന്‍ തന്നെയാണ് ഉണ്ടാക്കാറ്’ മോഡി വെളിപ്പെടുത്തി. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കും. കാരണം, ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ചര്‍ച്ചയില്‍ വരാറില്ലല്ലോ! മുമ്പൊക്കെ രാവിലെ 4:30നോ 5 മണിക്കോ എഴുന്നേല്‍ക്കും. വീട് മുഴുവന്‍ വൃത്തിയാക്കും. എല്ലാവര്‍ക്കും വേണ്ട ചായയുണ്ടാക്കും. എല്ലാവരെയും 5:20 ആകുമ്പേഴേക്കും വിളിച്ചുണര്‍ത്തും. എന്നിട്ട് തയാറാക്കി വെച്ച ചായ അവര്‍ക്ക് നല്‍കും. ഒന്ന് പുറത്തുപോയി വന്ന ശേഷം ഞാന്‍ തന്നെ പ്രഭാതഭക്ഷണം തയാറാക്കും. പോഹയാണ് എനിക്ക് ഇഷ്ടമുള്ള മറ്റൊരു ഭക്ഷണം. ഇത്രയും കഴിഞ്ഞ ശേഷം പത്രം വായന… ഇങ്ങനെയൊക്കെയായിരുന്നു രണ്ട്-രണ്ടരക്കൊല്ലത്തെ ശീലങ്ങള്‍’- മോഡി പറയുന്നു.

പോഹ

ഖിച്ച്ടിയെ നമ്മുടെ കിച്ചടിയായി പലരും തെറ്റിദ്ധരിക്കാറുണ്ട്. നമ്മുടെ സദ്യയിലെ തൊടുകറിയായ കിച്ചടിയല്ല ഈ ഖിച്ച്ടി. അരിയും പരിപ്പുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ഒരു അഴകൊഴമ്പന്‍ വിഭവമാണ്. ഏറെക്കുറെ തമിഴന്‍ വിഭവമായ പൊങ്കല്‍ പോലെയാണ് ഖിച്ച്ടി.

Exit mobile version