തെരഞ്ഞെടുപ്പ് ദിവസം ബിജെപി അനുകൂല പോസ്റ്ററുമായി ചുറ്റിത്തിരിഞ്ഞു; നായയെ കസ്റ്റഡിയിലെടുത്തു

ബിജെപി ചിഹ്നവും 'മോഡിക്ക് വോട്ട് ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമാണ് നായയുടെ ശരീരത്തിലെ പോസ്റ്ററില്‍ ഉണ്ടായിരുന്നത്

മുംബൈ: ബിജെപിക്ക് വോട്ട് ചെയ്യണമെന്ന പോസ്റ്ററുമായി തെരഞ്ഞെടുപ്പ് ദിനത്തില്‍ പോളിംഗ് ബൂത്തിലെത്തിയ നായ കസ്റ്റഡിയില്‍. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ നായയുമായി എത്തിയ ഉടമസ്ഥനെതിരെയും കേസും എടുത്തിട്ടുണ്ട്.

ബിജെപി ചിഹ്നവും ‘മോഡിക്ക് വോട്ട് ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമാണ് നായയുടെ ശരീരത്തിലെ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. നവ്‌നാഥ് നഗറിലെ താമസക്കാരനായ 65കാരന്‍ ഏക്നാഥ് മോത്തിറാം ചൗധരി എന്നിയാളാണ് ബിജെപി അനുകൂല പോസ്റ്റര്‍ ഒട്ടിച്ച വളര്‍ത്തുനായുമായി എത്തിയത്.

മോത്തിറാം വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പോയപ്പോള്‍ നായ പരിസരങ്ങളിലൂടെയും വോട്ട് ചെയ്യാന്‍ എത്തിയവരുടെ ഇടയിലൂടെയും ഓടിനടന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഒരാള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നായയെ കസ്റ്റഡിയില്‍ എടുക്കുകയും തെരഞ്ഞെടുപ്പ് ദിവസം പ്രചാരണം നടത്തിയെന്ന സംഭവത്തില്‍ മോത്തിറാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഐപിസി സെക്ഷന്‍ 171 എ പ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് മോത്തിറാമിനെതിരെയുള്ള കേസ്. ഇന്നലെ ഉച്ചായ്ക്ക് ശേഷമാണ് നായയുമായി ഉടമസ്ഥന്‍ ഏക്നാഥ് മോത്തിറാം ചൗധരിക്കൊപ്പം ടൗണില്‍ പ്രത്യക്ഷപ്പെട്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത നായയെ പിന്നീട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കൈമാറി.

Exit mobile version