കൊച്ചി: ഭീകരര്‍ കേരളത്തെയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. പുതുവത്സര ദിനത്തില്‍ ഭീകരര്‍ കേരളത്തെയും ലക്ഷ്യമിട്ടുവെന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ മൊഴി നല്കി. സിറിയയിലുള്ളവര് പുതുവത്സര ദിനത്തില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്ന സ്ഥലത്ത് സ്ഫോടനം നടത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം നല്‍കിയത് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ്. സ്ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് പറഞ്ഞു. വിദേശികള്‍ ഒത്തുകൂടുന്ന സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതി.
അതേസമയം, കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന് ആയിരുന്നു റിയാസെന്നും എന്‍ഐഎ വ്യക്തമാക്കി. റിയാസിനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ഇന്നലെയാണ് ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്കയ്ക്ക് പിന്നാലെ ഇന്ത്യയിലും ഭീകരാക്രമണം നടന്നേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് കൊച്ചിയില്‍ സുരക്ഷ വര്‍ധിപ്പിച്ചത്.
വിനോദ സഞ്ചാരികളായ വിദേശികള്‍ ഉള്‍പ്പടെ എത്തുന്ന ഹോംസ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇവിടെ താമസിക്കുന്നവരുടെ വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ പോലീസിന് ഇ-മെയില്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post