എവറസ്റ്റ് കൊടുമുടി ശുചീകരിക്കുന്നു; രണ്ടാഴ്ച കൊണ്ട് ശേഖരിച്ചത് 3000 കിലോ മാലിന്യം, ഒപ്പം നാലു മൃതദേഹങ്ങളും!

എവറസ്റ്റിന്റെ ബെയ്‌സ് ക്യാംപിലാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്.

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റില്‍ ശുചീകരണ പ്രവര്‍ത്തനം നടക്കുകയാണ്. പര്‍വതാരോഹകരും സഹായികളും തള്ളുന്ന മാലിന്യം നീക്കല്‍ പദ്ധതി ഇപ്പോള്‍ രണ്ടാംവാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 3000 കിലോ ഖരമാലിന്യമാണ് ശേഖരിച്ചിരിക്കുന്നത്. ഒപ്പം നാല് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാര്‍ ഏപ്രില്‍ 14-ന് ആണ് ശുചീകരണ പരിപാടി ആരംഭിച്ചത്.

നേപ്പാളിലെ സൊലുഖുമ്പു ജില്ലയിലെ ഖുമ്പു പസങ്കമു നഗരസഭയാണ് 45 ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണപരിപാടി ആരംഭിച്ചത്. 10,000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. 2.3 കോടി നേപ്പാളി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവരെ തിരിച്ചെടുത്ത മാലിന്യത്തില്‍ 2000 കിലോ ഒഖല്‍ദുംഗയിലേക്ക് മാറ്റിയതായി നേപ്പാള്‍ വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ ജനറല്‍ ദണ്ടുരാജ് ഖിംറെ പറഞ്ഞു.

എവറസ്റ്റിന്റെ ബെയ്‌സ് ക്യാംപിലാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്. പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം, വെള്ളം, താമസസൗകര്യം എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാത്രം 5000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് എവറസ്റ്റ് ശുചീകരണത്തിന് കൂട്ടമായൊരു പ്രവര്‍ത്തനം നടക്കുന്നത്. ഒട്ടേറെ സര്‍ക്കാര്‍, ഇതര ഏജന്‍സികളും രംഗത്തുണ്ട്. വര്‍ഷംതോറും നൂറുകണക്കിന് പര്‍വതാരോഹകരും അവരെ സഹായിക്കുന്ന ഷെര്‍പ്പകളും മറ്റുമായി ഒട്ടേറെപ്പേര്‍ എവറസ്റ്റ് കയറാന്‍ എത്തുന്നുണ്ട്.

ഇവര്‍ ഉപയോഗശേഷം വലിച്ചെറിയുന്ന ഓക്‌സിജന്‍ കാനുകള്‍, അടുക്കള മാലിന്യം, ഭക്ഷണാവശിഷ്ടം, ബിയര്‍ ബോട്ടില്‍ തുടങ്ങിയവയാണ് പ്രധാനമായുള്ള മാലിന്യങ്ങള്‍. ഈ വര്‍ഷം 500 വിദേശ പര്‍വതാരോഹകരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇവരെ സഹായിക്കുന്ന ആയിരത്തോളം പേരുമുണ്ടാവും. കഴിയുന്നത്ര മാലിന്യംനീക്കി കൊടുമുടിയുടെ പരിശുദ്ധി നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഒന്നരമാസം നീളുന്ന ശുചീകരണം മേയ് 29-നാണ് അവസാനിക്കുക. ശേഖരിച്ച മാലിന്യം അന്ന് നാംച്ചെ നഗരത്തില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കാഠ്മണ്ഡുവിലെത്തിച്ച് ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനുശേഷം പുനചംക്രമണത്തിന് അയക്കും.

Exit mobile version