തഞ്ചാവൂര്‍: ഉടമയോട് ഏറ്റവും സ്നേഹവും കടപ്പാടും കാണിക്കുന്ന മൃഗങ്ങളില്‍ മുമ്പന്‍ എന്നും വളര്‍ത്തുനായ്ക്കള്‍ തന്നെയാകും. ജീവന്‍പോലും പണയം വെച്ച് ഉടമയെ സംരക്ഷിക്കുന്ന വളര്‍ത്തുനായ്ക്കളുടെ കഥകള്‍ ഒട്ടേറെ നമ്മള് കേട്ടിട്ടുമുണ്ട്. ഇതിനിടെ, ഉടമയെ പാമ്പുകടിയില്‍ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിനിടെ വിഷം തീണ്ടി മരിച്ചുപോയ പപ്പിയെ ഓര്‍ത്ത് തേങ്ങുകയാണ് തഞ്ചാവൂരിലെ വെങ്ങരായന്കുടിക്കാട് ഗ്രാമം.
ഉടമയായ നടരാജനെ കടിക്കാനാഞ്ഞ പാമ്പിനെ കടിച്ചുകുടഞ്ഞ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പപ്പിയെന്ന് വിളിക്കുന്ന നായ്ക്കുട്ടി ജീവന് വെടിഞ്ഞത്. അഞ്ചടി നീളമുള്ള വമ്പന്‍ കരിമൂര്‍ഖനാണ് പപ്പിയുടെ ഉടമയും കര്‍ഷകനുമായ നടരാജനെ ആക്രമിക്കാനാഞ്ഞത്. ഇത് കണ്ട പപ്പി പാമ്പിനെ കീഴ്പ്പെടുത്താനായി പാഞ്ഞെത്തുകയായിരുന്നു. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പപ്പി കീഴടങ്ങിയത്. എന്നാല്‍ കണ്ണടയ്ക്കും മുമ്പെ തന്നെ കടിച്ച പാമ്പിനെ കടിച്ചുകീറി കൊലപ്പെടുത്തിയിരുന്നു പപ്പി.
പാമ്പിനെ തല്ലാനായി വടിയെടുക്കാന്‍ വീടിനു പുറത്തേക്കു പോയ നടരാജന് തിരിച്ചെത്തിയപ്പോള്‍ ചത്ത് കിടക്കുന്ന പാമ്പിനേയും വിഷമേറ്റ് പിടയുന്ന പപ്പിയേയുമാണ് കണ്ടത്.
സംഭവമറിഞ്ഞ് ഗ്രാമവാസികളെല്ലാം പപ്പിക്ക് അന്ത്യോപചാരം അര്പ്പിക്കാനെത്തിയതും നടരാജന് തന്റെ ജീവന് രക്ഷിച്ച പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞതും നാടിന് കണ്ണീര് കുതിര്‍ന്ന കാഴ്ചയായി.
Discussion about this post