ലഖ്‌നൗ: നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവ് സ്ഥാനാര്‍ത്ഥിയാകും. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് തേജ് മത്സരിക്കുന്നത്. ബിഎസ് എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയത് വിമര്‍ശിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂര്‍ യാദവ്.
ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യവേയാണ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ തേജ് ബഹാദൂര്‍ രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് മോശം ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തേജ് ബഹാദൂറിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് പരിച്ചിവിടുകയായിരുന്നു. 2017 ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.
എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശാലിനി യാദവിനെ നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെ പിന്‍വലിച്ചാണ് തേജ് ബഹാദൂര്‍ യാദവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. സൈന്യത്തിന്റെയും ദേശീയതയുടെയും പേര് പറഞ്ഞ് പ്രചാരണം നടത്തുന്ന മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിന് വേണ്ടിയാണ് എസ്പി- ബിഎസ്പി സഖ്യം തേജ് ബഹദൂര്‍ യാദവിനെ രംഗത്തിറക്കുന്നത്.
വാരണാസിയില്‍ മോഡിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിന്ന് അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരെ ജനവിധി തേടാന്‍ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂര്‍ പറഞ്ഞത്. പിന്നാലെയാണ് എസ്പി-ബിഎസ്പി സഖ്യം തേജ് ബഹാദൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.