ബംഗാള്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ച് ബംഗാളിലെ റാണിഗഞ്ച് അസന്‍സോള്‍ മേഖലയില്‍ അനധികൃത ഖനനം നിര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍. എലിമാളം പോലെയുള്ള ഖനികളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ്. അനധികൃത ഖനനം തടയാന്‍ തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ടെന്ന് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് വ്യക്തമാക്കി.
അസന്‍സോളില്‍ പ്രവര്‍ത്തിച്ചിരുന്നത് 3,500ഓളം അനധികൃത ഖനികളാണ്. ഖനിമാഫിയ 80 മുതല്‍ 100 രൂപ വരെയുള്ള തുച്ഛമായ ദിവസക്കൂലിയാണ് നല്‍കുന്നത്. ഖനിയുമായി ബന്ധപ്പെട്ട് 35,000 പേര്‍ നേരിട്ടും 40,000 പേര്‍ അല്ലാതെയും പ്രവര്‍ത്തിക്കുന്നുണ്ട്. ഖനിയിലെ തൊഴിലാണ് വ്യവസായവും കൃഷിയിടവുമില്ലാത്ത ഇവിടെ ഇവര്‍ക്ക് ഏക ആശ്രയവും എന്നതും ഖനിമാഫിയയ്ക്ക് ചൂഷണം ചെയ്യാനുള്ള മാര്‍ഗമാകുന്നു.
ദിവസവും കോടികളുടെ ഇടപാടാണ് അനധികൃത ഖനനത്തിലൂടെ നടക്കുന്നത്. ഖനികളില്‍ കൊല്ലപ്പെട്ടാല്‍ പ്രദേശവാസിയാണെങ്കില്‍ ഒരുലക്ഷം രൂപ നല്‍കും. ഇതരസംസ്ഥാനക്കാരാണെങ്കില്‍ അമ്പതിനായിരവും നല്‍കും. ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ്ങ് എംപിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി മൂണ്‍ മൂണ്‍ സെന്നും മത്സരിക്കുന്നുണ്ട്. ഇവിടെ വോട്ടെടുപ്പ് നാളെയാണ്.