ലഖ്‌നൗ: വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി തെലങ്കാനയിലെ 50 കര്‍ഷകര്‍. നിസാമാബാദില്‍ നിന്നുള്ള മഞ്ഞള്‍ കര്‍ഷകരാണ് വാരണസിയിലെത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
‘ഞങ്ങള്‍ ആരെയും എതിര്‍ക്കുകയല്ല. ഞങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യം. ടര്‍മറിക് ബോര്‍ഡ് സൃഷ്ടിക്കണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസ് ക്വിന്റലിന് 15000 ആയി ഉയര്‍ത്തണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. ‘കര്‍ഷകര്‍ പറയുന്നു.
നേരത്തെ തമിഴ്നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരും വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇവരോട് പിന്മാറാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നും മോഡിക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നുമാണ് നേതാക്കള്‍ തമിഴ്‌നാട്ടിലെ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് നിസാമാബാദില്‍ നിന്നുള്ള 50 കര്‍ഷകര്‍ മോഡിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.