ഹൈദരാബാദ്: ചെറുപത്തിലേ നല്ല ബുദ്ധിശക്തിയുള്ള കുട്ടികളെ നാം കണ്ടിട്ടുണ്ട്. ഇതാ ഹൈദരാബാദില്‍ നിന്നുള്ള ഒരു പത്തുവയസുകാരനാണ് ബുദ്ധികൂര്‍മത കൊണ്ട് ഹീറോ ആയിരിക്കുന്നത്. അധ്യാപകരെയും രക്ഷിതാക്കളെയും അമ്പരപ്പിക്കുന്ന ബുദ്ധിവൈഭവമാണ് ഈ കുട്ടിക്കുള്ളത്. സാധാരണകുട്ടികളെപ്പോലെ കുട്ടിക്കളി മാത്രമല്ല മുഹമ്മദ് ഹസന്‍ അലി എന്ന കുട്ടിക്കുള്ളത്. കുട്ടിക്കളിയോടൊപ്പം ഈ പത്തുവയസുകാരന്‍ എംടെക്കിനും ബിടെക്കിനും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അധ്യാപകന്‍ കൂടിയാണ്. സ്‌കൂളില്‍ നിന്നെത്തിയാല്‍ ഭാവി എന്‍ജിനീയറുമാര്‍ക്ക് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതാണ് അലിയുടെ ജോലി. നിരവധി കുട്ടികളാണ് ഈ കുട്ടി അധ്യാപകന്റെ ക്ലാസില്‍ എത്തുന്നത്.
എന്‍ജിനിയറിങ്ങ് പഠനം കഴിഞ്ഞ നിരവധിപ്പേര്‍ വിദേശരാജ്യങ്ങളില്‍ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നത്. ഇത് സംബന്ധിച്ച് യൂട്യൂബില്‍ കണ്ട ഒരു വിഡിയോയാണ് തന്റെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പ്രചോദനമായതെന്ന് ഈ കുട്ടി അധ്യാപകന്‍ പറയുന്നു. തങ്ങളേക്കാള്‍ പ്രായത്തില്‍ ചെറുതാണെങ്കിലും ഹസന്റെ അധ്യാപനം മികച്ചതാണെന്നാണ് വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം.
ഏഴാം ക്ലാസിലാണ് ഹസന്‍ പഠിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് സ്വന്തമായി ഇന്റ്സ്റ്റിറ്റിയൂട്ട് തുടങ്ങുന്നത്. എന്നാല്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന് ഒരു ഫീസും ഈ കുട്ടി അധ്യാപകന്‍ ഈടാക്കാറില്ല. 2020 ആകുമ്പോഴേക്കും ആയിരം എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് ഉന്നതസ്ഥാനങ്ങളില്‍ എത്തിക്കണമെന്നാണ് ഹസന്‍ അലിയുടെ ആഗ്രഹം
Discussion about this post