ന്യൂഡല്‍ഹി: ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാംപൂവിന്റെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശം. ഷാംപൂവില്‍ കുഞ്ഞുങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ കടകളിലുള്ള ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാംപൂവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചു.
പരിശോധനയുടെ ഭാഗമായി രാജ്യത്തെ അഞ്ച് മേഖലകളില്‍ നിന്നും എന്‍സിപിസിആര്‍ ജോണ്സണ് ആന്റ് ജോണ്‍സന്റെ ബേബി ഷാംപൂവിന്റെയും പൗഡറിന്റേയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശില്‍ നിന്നും കിഴക്ക് ഝാര്‍ഖണ്ഡില്‍ നിന്നും പടിഞ്ഞാറ് രാജസ്ഥാനില്‍ നിന്നും മധ്യ ഇന്ത്യയില്‍ മധ്യപ്രദേശില്‍ നിന്നുമാണ് സാമ്പിളുകളെടുത്തത്. ഇതില്‍ രാജസ്ഥാനില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് അര്‍ബുദകാരണമായ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കമ്പനിക്കെതിരെ ദേശീയ ബാലാവകാശകമ്മീഷന് കര്‍ശന നടപടിയെടുക്കുകയായിരുന്നു.
അതേസമയം സര്‍ക്കാറിന്റെ താല്‍ക്കാലിക പരിശോധനകളെയും ഫലങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് ജോണ്സണ് ആന്റ് ജോണ്‍സണിന്റെ പ്രതികരണം. ഉല്‍പ്പന്നം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന രീതികളില്‍ വന്ന അപാകതയാണ് ഇത്തരമൊരു ഫലത്തിനു കാരണമെന്നും സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയുടെ പുനഃപരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ആസ്ബെറ്റോസിന്റെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലെ ജോണ്സണ് ആന്റ് ജോണ്സണ് പൗഡറിന്റെ ഉദ്പാദനം Central Drugs Standard Control Organization (CDSCO) തടഞ്ഞിരുന്നു. ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡറില്‍ ആസ്ബറ്റോസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.
Discussion about this post