ചെന്നൈ:പരസ്പര സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രായം 16 വയസ്സാക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നാമക്കല്‍ മഹിളാ കോടതി പോക്സോ നിയമപ്രകാരം 10 വര്‍ഷം തടവിനും 3000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഒരാളുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
കുട്ടി (child ) എന്ന നിര്‍വചനം 18ല്‍ നിന്ന് 16 വയസ്സാക്കണമെന്നത് പരിഗണിക്കണമെന്നും, 16നും 18നും ഇടയിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്സോ പരിധിയില്‍ ഉള്‍പ്പെടരുതെന്നും ഹര്‍ജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി പാര്ത്ഥിപന്റെതാണ് നിരീക്ഷണം. 16 വയസ്സ് പിന്നിട്ടവരുടെ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ പോക്സോയില്‍ നിന്ന് ഒഴിവാക്കി ലൈംഗികാതിക്രമവും കൗമാര ബന്ധങ്ങളും വെവ്വേറെ കാണണമെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തിനുള്ള പ്രായം 16 ആക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് നേരത്തെ മുതല്‍ ഉയരുന്ന ആവശ്യമാണ്. അതെസമയം 18 ല്‍ നിന്ന് 16 ആക്കുന്നത് പെണ്‍കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിക്കുമെന്നാണ് ശിശു സംരക്ഷണ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.