മുംബൈ: തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യമിപ്പോള്‍. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത് ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡോദ്കര്‍ ആണ്. താരം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ഉത്സവമാക്കുകയാണ്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മുംബൈ നോര്‍ത്തില്‍ പ്രചാരണത്തില്‍ ഊര്‍മ്മിള ഏറെ മുന്നിലാണ്. അതേസമയം പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ നിശബ്ദ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി.
‘മോഡിയുടെ പേരില്‍ ഊതിവിര്‍പ്പിച്ച തരംഗത്തില്‍ കുറെപേര്‍ വിജയിച്ചുകയറിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരിക്കും’ എന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്കര്‍ പറഞ്ഞത്.
അതേസമയം ഊര്‍മ്മിളയുടെ പ്രചാരണത്തെ പരിഹസിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി രംഗത്തെത്തി. ‘ജനങ്ങള്‍ പണം കൊടുത്ത് സെലിബ്രിറ്റികളുടെ സിനിമ തീയ്യേറ്ററില്‍ പോയി കാണും. സിനിമ കഴിയുമ്പോള്‍ ജനം അവരെ മറക്കും. ജനങ്ങള്‍ എന്നും ഓര്‍ക്കുക അവര്‍ക്ക് വേണ്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ്’ എന്നാണ് ഗോപാല്‍ ഷെട്ടിയുടെ മറുപടി.
കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലകളില്‍ പോലും ഊര്‍മ്മിളയെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണുള്ളത്. സഞ്ജയ് നിരുപം കൈയ്യൊഴിഞ്ഞ മണ്ഡലം ചോദിച്ച് വാങ്ങിയാണ് ഊര്‍മ്മിള ഇത്തവണ മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായത്. പരീക്ഷണമല്ല വിജയിക്കാന്‍ തന്നെയാണ് പോരാട്ടമെന്നാണ് ഊര്‍മ്മിള പറയുന്നത്. അതേസമയം മോഡിയേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഗോപാല്‍ ഷെട്ടി വിജയിച്ച മണ്ഡലമാണ് മുംബൈ നോര്‍ത്ത്. നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.