ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞ സിങ് താക്കൂറിനെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത് ഹിന്ദൂയിസത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മോഡി പറഞ്ഞു. മലേഗാവ് സ്ഫോടന കേസിലെ മുഖ്യ പ്രതികൂടിയാണ് പ്രജ്ഞ സിങ് താക്കൂര്‍.
‘താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഇതേ രീതിയില്‍ അപമാനിക്കപ്പെട്ടിരുന്നു. അന്ന് എനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. നിങ്ങള്‍ പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നോക്കിയാല്‍ മനസിലാകും. ലക്ഷക്കണക്കിന് പേജുകളിലാണ് എനിക്കെതിരായ ലേഖനങ്ങളും വാര്‍ത്തകളും വന്നത്. ഇത് കാരണം തനിക്ക് യുഎസ് വിസ നിഷേധിക്കുക പോലും ചെയ്തു’ മോഡി പറഞ്ഞു. എന്നാല്‍ സത്യം പുറത്തുവന്നു. തനിക്ക് വിസ നിഷേധിച്ച അമേരിക്ക തന്നെ തനിക്ക് വിസ അനുവദിച്ചു തന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 10-12 വര്‍ഷം കോണ്‍ഗ്രസ് എനിക്ക് ഒരു വില്ലന്റെ പരിവേഷമാണ് തന്നത്. നുണകള്‍ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതിയാണിതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് ‘ഹിന്ദു ഭീകരത’ എന്ന പദം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ പുരാതന പാരമ്പര്യം ഇല്ലാതാക്കുകയാണ്. ഇത് വളരെ ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. കാവല്ക്കാരന് കള്ളനാണ് എന്നാണ് അവര്‍ പറയുന്നത്. കാവല്‍ക്കാരനായി നിന്നുകൊണ്ട് തന്നെ ഞാന്‍ അതിനെ എതിര്‍ത്തു. തന്നെ കുറിച്ച് ജനങ്ങളില്‍ ജിജ്ഞാസയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ അവരോട് നന്ദി പറയുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post