ബംഗളൂരു: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന സന്ദേശം വ്യാജമെന്ന് ബംഗളൂരു പോലീസ്. പോലീസിനെ വിളിച്ച് വ്യാജ സന്ദേശം നല്‍കിയ ബംഗളൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തതു. സന്ദേശം വ്യാജമായിരുന്നെന്ന് ബംഗലൂരു പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് ബംഗളൂരു സിറ്റി പോലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നല്‍കിയത്. പോലീസിനെ വിളിച്ച ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പോലീസിനോട് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു.