ന്യൂഡല്‍ഹി; പാക്കറ്റ് ചിപ്‌സ് ബ്രാന്‍ഡ് ആയ ലെയ്സ് ബഹിഷ്‌കരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത് വരെ ലെയ്‌സും പെപ്‌സി കമ്പനിയുടെ ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നാണ് അഖിലേന്ത്യാ കിസാന്‍ സഭ വ്യക്തമാക്കിയിരിക്കുന്നത്.
ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്‌സിക്കോ നല്‍കിയിരിക്കുന്ന കേസ് ഉടന്‍ പിന്‍വലിക്കണമെന്നും പിന്‍വലിക്കുന്ന വരെ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും കിസാന്‍ സഭ വ്യക്തമാക്കി. വിത്തുകളില്‍ കുത്തകാവകാശം ഉന്നയിച്ച് കോര്‍പ്പറേറ്റുകള്‍ കര്‍ഷകരെ കുടുക്കുകയാണെന്നും, കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കര്‍ഷക സംഘടകളും ട്രേഡ് യൂണിയനുകളും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കിസാന്‍ സഭ വ്യക്തമാക്കി.
ലെയ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ 9 കര്‍ഷകര്‍ക്ക് എതിരെയാണ് പെപ്‌സിക്കോ കേസ് കൊടുത്തത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകരോട് ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ട് ഈ മാസം ആദ്യമാണ് പെപ്‌സികോ കേസ് നല്‍കിയത്.