പാട്ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടി ശബാന ആസ്മി. അദ്ദേഹം പോരാടുന്നത് ഭരണഘടന സംരക്ഷിക്കാനെന്നും ജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും താരം പറയുന്നു.
കനയ്യകുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ശബാന ആസ്മി ആവശ്യപ്പെട്ടു. ബെഗുസരായിയിലെ ചാമരായി മൈതാനത്തില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കനയ്യ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് കനയ്യ കുമാര്‍ പോരാടുകയാണ്. ഭരണഘടന സംരക്ഷിക്കാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും ശബാന പറഞ്ഞു.
റാലിക്കിടെ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും താരം ഉന്നയിച്ചു. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ബിജെപി തുടക്കമിട്ടിരുന്നതായും ശബാന പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ലെന്ന് നന്നായിട്ട് അറിയാം. ഇത്തവണയും ജയിക്കുന്നതിനായി ബിജെപി അവരുടെ പഴയ അടവായ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കമിടും. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നും ശബാന ആസ്മി തുറന്നടിച്ചു.