ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്ന പ്രജ്ഞ സിങ് താക്കൂറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം. പ്രജ്ഞയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഇറങ്ങില്ലെന്ന് മധ്യപ്രദേശിലെ ബിജെപി മുസ്ലീം നേതാവായ ഫാത്തിമ റസൂല്‍ സിദ്ദിഖി. മാലേഗാവ് സ്ഫോടന കേസിലെ പ്രതികൂടിയായ പ്രജ്ഞ സിങിന്റെ സ്ഥാനാര്‍ത്ഥിത്വം വര്‍ഗീയവും അരോചകവുമാണെന്നാണ് ഫാത്തിമ പറഞ്ഞത്.
പ്രജ്ഞ സിങ് താക്കൂര്‍ മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പോലീസ് ഉദ്യോഗസ്ഥന് ഹേമന്ത് കര്‍ക്കറയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചെന്നും രാജ്യത്ത് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ധര്‍മ്മ യുദ്ധം ആണെന്ന അവരുടെ പരാമര്‍ശമൊക്കെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറാന് പ്രേരിപ്പിച്ചെന്നും കര്‍ക്കറയ്ക്കെതിരെ നടത്തിയ ധര്‍മ്മ യുദ്ധ പരാമര്‍ശം തന്റെ സമുദായത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു. അതേ സമയം പറഞ്ഞ കാര്യങ്ങള്‍ പ്രജ്ഞ തിരുത്തി പറയുകയാണെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനെതിരെ പ്രജ്ഞ സിങ് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമായി. മുസ്ലീങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് ശിവരാജ് സിങ് ചൗഹാന്. ഗംഗ ജമുന തെഹ്സിബിന്റെ ശക്തമായ വക്താവാണ് അദ്ദേഹം എന്റെ സമുദായത്തിലെ അംഗങ്ങള്‍ക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണുള്ളതെന്നും ഫാത്തിമ പറഞ്ഞു.
Discussion about this post