മുംബൈ: വന്യമൃഗങ്ങളെ വെടിവെച്ചുകൊന്നതിന് നിരന്തരം കേസുകള്‍. മൃഗസ്നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും കണ്ണിലെ കരട്. കേന്ദ്ര മന്ത്രി മനേക ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങുന്നയാള്‍. എന്നിട്ടും മഹാരാഷ്ട്രയിലെ നരഭോജി കടുവ അവനിയെ വകവരുത്താന്‍ അയാളുടെ കുടുംബം തന്നെ വേണ്ടി വന്നു. ഇന്ത്യയിലെ ഏറ്റവും കുപ്രശസ്തനായ വേട്ടക്കാരനായ നവാബ് ഷാഫത്ത് അലി ഖാന്റെ പുത്രന് അസ്ഗര്‍ അലിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
മഹാരാഷ്ട്രയില്‍ പതിമൂന്ന് പേരെ കൊന്ന നരഭോജി കടുവയെയാണ് അസ്ഗര്‍ അലി വെടിവെച്ച് കൊന്നത്. കണ്ടാലുടന്‍ വെടിവെച്ചു കൊല്ലണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട അവനി എന്ന നരഭോജി കടുവയെയാണ് വെള്ളിയാഴ്ച്ച രാത്രി യവത്മാല്‍ വനമേഖലയില്‍ വധിച്ചത്. നിരന്തര കൊലപാതകങ്ങളെ തുടര്‍ന്നുള്ള പരാതികളിലായിരുന്നു സുപ്രീം കോടതി ഇടപെടല്‍. തുടര്‍ന്ന് മൂന്ന് മാസമായി വനംവകുപ്പ് സര്‍വായുധ സജ്ജരായി കാട് ഇളക്കിമറിച്ച് കടുവയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെയാണ് ഈ കടുവയെ വെടിവെച്ചു കൊന്നത്.
അവനിയെ വെടിവെച്ചു കൊന്ന അസ്ഗറലിയെ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു. അസ്ഗറലിയുടെ പിതാവ് ഷാഫത്ത് അലി ഖാന്റെ നേതൃത്വത്തിലാണ് വേട്ട നടന്നത്. വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുകയും അവയുടെ മുന്നില്‍നിന്ന് ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതിന് എതിരെ നിരവധി പരാതികള്‍ക്ക് വിധേയനായ വേട്ടക്കാരനാണ് ഷാഫത്ത് അലി ഖാന്. നവാബ് കുടുംബത്തില്‍ പിറന്ന താന്‍ സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് ശല്യക്കാരായ വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത് എന്നാണ് ഷാഫത്ത് അലിയുടെ വാദം.
മാവോയിസ്റ്റുകള്‍ക്ക് അനധികൃതമായി ആയുധങ്ങള്‍ എത്തിച്ചുവെന്ന പേരില്‍ നേരത്തെ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ച ഷാഫത്തിന് എതിരെ നിരവധി പരാതികളാണ് ഉള്ളത്. ഇയാളെ ഇത്തരം ഓപ്പറേഷനുകള്‍ക്ക് വിളിക്കുന്നതിന് എതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. എന്നാല്‍, സര്‍ക്കാറുകളാണ് തന്നെ വിളിക്കുന്നത് എന്നും തനിക്കതില്‍ യാതൊന്നും പറയാനില്ല എന്നുമാണ് അഭിമുഖങ്ങളില്‍ ഇദ്ദേഹം പറയുന്നത്. ആറു സംസ്ഥാനങ്ങളില്‍ ജനജീവിതത്തിന് ഭീഷണിയായ വന്യമൃഗങ്ങളെ വധിക്കുന്നതിന് തന്നെയാണ് വിളിക്കാറുള്ളതെന്നും അയാള്‍ പറയുന്നു. 200ലേറെ നീല്‍ഗയികളെയും 50ഓളം കാട്ടുപന്നികളേയും വെടിവെച്ചു കൊന്നതിനെതിരേയും ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തമിഴ്നാട്ടിലെ ബന്തിപുര്‍ ദേശീയ ഉദ്യാനത്തിനടുത്ത് ബോക്കപുരത്ത് വന്യജീവി മൃഗ വേട്ടയ്ക്ക് മാത്രമായി ഷാഫത്ത് അലി ഖാന് ഒരു റിസോര്‍ട്ട് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വന്‍കിട വ്യവസായികളടക്കമുള്ള സമ്പന്നര്‍ റിസോര്‍ട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. സന്ദര്‍ശകര്‍ക്കായി തോക്ക് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഷാഫത്ത് റിസോര്‍ട്ടില്‍ ഒരുക്കിയിരുന്നു. എന്നാല്‍ 2005ല്‍ അനധികൃതമായി വേട്ട നടത്തിയതിനെ തുടര്‍ന്ന് ഷാഫത്തിനെ ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശിക്കാരികളുടെ കുടുംബത്തിലാണ് ഷഫാത്ത് അലിയുടെ ജനനം. നവാബ് വംശത്തില്‍ പെട്ട സുല്‍ത്താന്‍ അലിഖാന് ബഹദൂറിന്റെ മകനാണ് ഇയാള്‍. ലോകമറിയുന്ന വേട്ടക്കാരനായിരുന്നു ഇദ്ദേഹം. കാടുകളുടെ ചലനം അറിയാനും അളക്കാനും കഴിയുന്ന നവാബ് സുല്‍ത്താന്‍ അലിഖാന് ബഹദൂര്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ആനവേട്ടക്കാരനായിരുന്നു. ബഹദൂറിന്റെ പിതാവ് നവാബ് അര്‍ഷാദ് അലിഖാനും ശിക്കാറിലൂടെ പേരെടുത്ത ആളായിരുന്നു.
അസ്ഗര്‍ അലിയും വേട്ടയുടെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. ഇന്ത്യയിലെ അംഗീകൃത വേട്ടക്കാരില്‍ ഒരാളാണ് അസ്ഗര്‍. അപകടകരമായ വേട്ടകളില്‍ ഷാഹത്തിനെ സഹായിച്ച് അസ്ഗറും പിതാവിന്റെ പാത പിന്തുടരുകയായിരുന്നു. അങ്ങനെയാണ് ക്തദാഹിയായ കടുവയെത്തേടി ഷാഫത്തും കുടുംബവും എത്തിയത്. ഇതിനിടെയാണ്, അസ്ഗര്‍ ആ നരഭോജി കടുവയെ വകവരുത്തിയത്.
Discussion about this post