ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ചു. മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് വാരണാസിയില്‍ കോണ്‍ഗ്രസ് മോഡിക്ക് എതിരാളിയായി അജയ് റായിയെ പ്രഖ്യാപിച്ചത്.
2014ലും മോഡിക്ക് എതിരെ മത്സരിച്ചത് അജയ് റായ് ആയിരുന്നു. അന്ന് ലഭിച്ചത് 75,614 വോട്ടുകള്‍. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഏഴര ശതമാനം വോട്ട് മാത്രമായിരുന്നു അത്. മോഡിക്കെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്തായിരുന്നു അന്ന് അജയ് റായിയുടെ സ്ഥാനം. അദ്ദേഹത്തെ തന്നെ വീണ്ടും മത്സരക്കളത്തിലേക്ക് ഇറക്കുന്നത് വരും നാളുകളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയെന്ന ആരോപണം ആവര്‍ത്തിക്കാന്‍ കാരണമായേക്കാം.
നേരത്തെ, എന്തു കൊണ്ട് വാരണാസിയില്‍ സ്ഥാനാര്ത്ഥിയായിക്കൂടായെന്ന് ചോദ്യം ഉന്നയിച്ച് പ്രിയങ്ക തന്നെയാണ് അഭ്യൂഹത്തിന് തുടക്കമിട്ടത്. മോഡിക്കെതിരെ മത്സരിക്കാന്‍ ഒരുക്കമെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനൊരുക്കമെന്ന് പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. എന്നാല്‍, രാഷ്ട്രീയത്തില്‍ സജീവമായ ഉടന്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ലായിരുന്നുവെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് മത്സരം വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് രാഹുല്‍ ഗാന്ധിയും കൈക്കൊണ്ടെന്നാണ് വിവരം. അതേസമയം പൊതുജന സമ്മതിയുള്ള സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ ഇറക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. എസ്പി – ബിഎസ്പി സഖ്യം പ്രിയങ്കയെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷിച്ചു. പക്ഷേ മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെ സഖ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഈ പ്രതീക്ഷ മങ്ങി.
Discussion about this post