ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞദിവസം അനാച്ഛാദനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാര്‍ ശ്രദ്ദിക്കേണ്ടത് പ്രതിമകളിലേക്കല്ല, ജനങ്ങളുടെ പുരോഗതിയിലേക്കാണെന്നും എഎപി എംപി സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു.
പട്ടിണിയും ദാരിദ്ര്യവും മൂലം രാജ്യത്ത് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അതൊന്നും കാണാതെ സര്‍ക്കാര്‍ ഇത്തരം പ്രതിമകള്‍ നിര്‍മ്മിക്കുന്നത് നാണക്കേടാണ് എന്നും സഞ്ജയ് സിംഗ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പ്രതിമ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തില്‍ നിര്‍മ്മിക്കുമ്പോള്‍ 151 മീറ്റര്‍ ഉയരത്തില്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ പ്രതിമ നിര്‍മ്മിക്കുന്നു. ഇങ്ങനെ ഇന്ത്യയില്‍ പ്രതിമ നിര്‍മ്മാണം ഒരു മത്സരമായി മാറിയിരിക്കുകയാണ്സഞ്ജയ് സിംഗ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ നല്കുന്ന പണം പ്രതിമകള്‍ നിര്‍മ്മിച്ച് കളയാതെ അത് ആവശ്യക്കാര്‍ക്ക് നല്‍കണമെന്നും ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയവ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈയില്‍ 210 മീറ്റര്‍ നീളത്തില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ പോകുകയാണ്. ഇത്രയധികം പ്രശ്നങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ പ്രതിമകള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
182 മീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഒക്ടോബര്‍ 31 നാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്.
Discussion about this post