ഹൈദരാബാദ്: തെലങ്കാനയിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷാഫലം വിവാദത്തിലേക്ക്. ഒന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെഴുതിയ പ്ലസ്ടു പരീക്ഷയില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ തോറ്റതാണ് വിവാദത്തിന് കാരണം. പരീക്ഷാഫലത്തില്‍ മനംനൊന്ത് ഇതുവരെ പത്തിലേറെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷധം ശക്തമായിരിക്കുകയാണ്. മൊത്തം 1000 മാര്‍ക്കുള്ളതില്‍ 900 ലഭിച്ച 11 വിദ്യാര്‍ഥികളും 850-നും 900-നും ഇടയില്‍ മാര്‍ക്ക് ലഭിച്ച 125 പേരും 750-ന് മുകളില്‍ മാര്‍ക്കു ലഭിച്ച 2000 വിദ്യാര്‍ഥികളും തോറ്റതായി ഫലം കാണിക്കുന്നു. മുഴുവന്‍ പരീക്ഷയുമെഴുതിയ കുട്ടികളില്‍ ചിലരെ ചില വിഷയത്തില്‍ ഹാജരായില്ലെന്നും പരീക്ഷാഫലം കാണിക്കുന്നതായി ആരോപണങ്ങളുണ്ട്. അതേസമയം സമയം പൂജ്യം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിക്ക് പുനര്‍മൂല്യനിര്‍ണ്ണയം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 99 മാര്‍ക്ക് ആണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ ഇന്‍ര്‍ മീഡിയറ്റ് ബോര്‍ഡിന് മുന്നില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും എബിവിപി ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം നടത്തുകയാണ്. തോറ്റുപോയ മുഴുവന്‍ കുട്ടികളുടെയും ഉത്തരകടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍മീഡിയറ്റ് പരീക്ഷാഫലത്തില്‍ ഇത്രയധികം വീഴ്ച വരുത്തിയത്തിന് ബോര്‍ഡ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ഉടനെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ജഗ്ദീഷ് റെഡ്ഡി രാജിവെക്കണമെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി കേട്ട ശേഷം തോറ്റ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തിന് എത്ര സമയം വേണ്ടി വരുമെന്ന് തിങ്കളാഴ്ചക്കകം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന് 2 മാസം സമയം ആവശ്യമാണെന്ന് പറഞ്ഞ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് മൂല്യനിര്‍ണ്ണയത്തിന് 10 ദിവസമല്ലേ ആവശ്യമുള്ളു എന്ന് കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികളോട് അല്‍പ്പംകൂടി ദയ കാട്ടണമെന്നും കോടതി പറഞ്ഞു. ഇതിനിടെ പരീക്ഷാഫലങ്ങള്‍ കംപ്യൂട്ടറിലാക്കിയ കമ്പനി തങ്ങളുടെ ഭാഗത്തു വീഴ്ചയൊന്നും സംഭവിച്ചില്ലെന്നു വ്യക്തമാക്കി.