ജാന്‍ത്സി: കാമുകിക്ക് ഒപ്പം ജീവിക്കാന്‍ സ്വന്തം വിവാഹം മുടക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി വരന്. അഞ്ച് ലക്ഷമാണ് നാടകത്തിലൂടെ വരന് സ്വന്തം വീട്ടുകാരില്‍ നിന്നും തട്ടിയെടുത്തത്. സംഭവത്തില്‍ വരനെ അറസ്റ്റ് ചെയ്തു. ജാന്‍ത്സി സ്വദേശിയായ രവി സിംഗ് എന്ന 31 കാരന് എഞ്ചിനീയറാണ് നാടകം ഒളിച്ച് ഒടുവില്‍ അഴിക്കുള്ളിലായത്.
പെയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 19ന് ഇവിടെ നിന്ന് പുറപ്പെട്ട ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നാടകം നടത്തുകയായിരുന്നു. ഒടുക്കം തന്റെ വസ്ത്രങ്ങള്‍ എടുക്കാന്‍ രഹസ്യമായി താമസസ്ഥലത്ത് എത്തിയതായിരുന്നു. എന്നാല്‍ ഉടനെ ഇയാളെ പോലീസ് വലയിലാക്കുകയും ചെയ്തു.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ;
ഏപ്രില്‍ 19ന് തന്റെ സഹതാമസക്കാരോട് ഏപ്രില്‍ 23ന് തന്റെ വിവാഹമാണെന്നും. താന്‍ വീട്ടില്‍ പോവുകയാണെന്നും അറിയിച്ച് രവി സിംഗ് ഡല്‍ഹി വിട്ടു. തങ്ങള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കിയെന്നും, ഒരുതരത്തിലുമുള്ള സന്തോഷ കുറവ് രവിക്ക് ഉണ്ടായിരുന്നില്ലെന്നും സഹതാമസക്കാരും വെളിപ്പെടുത്തി. എന്നാല്‍ ഇവിടെ നിന്നും ഇറങ്ങിയ രവി ഉത്തര്‍പ്രദേശിലെ ജാന്‍ത്സിയിലെ വീട്ടിലേക്ക് പോകുന്നതിന് പകരം ചണ്ഡിഗഡിലേക്കാണ് പോയത്.
അവിടെ നിന്നും രവി തന്റെ ഫോണില്‍ നിന്ന് തന്നെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന മാതാപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും 5 ലക്ഷം അവര്‍ക്ക് മോചനദ്രവ്യം കൊടുക്കണമെന്നും സന്ദേശം അയച്ചു. ഇത് അറിഞ്ഞ് രവിയുടെ അമ്മ കുഴഞ്ഞ് വീണു. ഉടനെ ബന്ധുകള്‍ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെത്തിയ രവിയെ പിടികൂടുകയായിരുന്നു. രവിക്ക് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രണയം ഉണ്ടായിരുന്നു. ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച രവിയെ നിര്‍ബന്ധിച്ചാണ് മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ സമ്മതിപ്പിച്ചതെന്നാണ് വിവരം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ രവി കണ്ടെത്തിയ മാര്‍ഗമായിരുന്നു തട്ടിക്കൊണ്ടു പോകല്‍ നാടകം. വീട്ടുകാര്‍ നല്കുന്ന പണം കൈക്കലാക്കി കാമുകിക്ക് ഒപ്പം ജീവിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
Discussion about this post