കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും മധുരപലഹാരങ്ങളും അയച്ച് തരാറുണ്ടെന്ന നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് മറുപടി നല്കി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ദീദി എല്ലാവര്ക്കും സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നും മോഡിക്ക് മാത്രമല്ല എന്നുമാണ് തൃണമൂല്‍ നല്കിയ മറുപടി.
‘ദീദി മോഡിക്കു മാത്രമല്ല, പല നേതാക്കള്‍ക്കും സമ്മാനങ്ങള്‍ അയക്കാറുണ്ട്’ പേരു വെളിപ്പെടുത്താത്ത പാര്‍ട്ടി പ്രവര്ത്തകന് പറയുന്നു. ഒരു ദേശീയമാധ്യമത്തോടായിരുന്നു പ്രതികരണം. ഇത് വലിയ കാര്യമൊന്നുമല്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ദീദി മാമ്പഴവും മധുരവും കുര്ത്തകളുമൊക്കെ സമ്മാനമായി അയക്കാറുണ്ടായിരുന്നു.
ഇപ്പോഴത്തെ രാഷ്ട്രപതിക്കും ഇതൊക്കെ സമ്മാനിക്കാറുണ്ട്. വാജ്പേയിക്കും ഇത്തരത്തില്‍ ദീദി സമ്മാനങ്ങളയച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. മോഡിയുടെ പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും പ്രതികരിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മമത ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി നല്‍കാറുണ്ടെന്ന് മോഡി വെളിപ്പെടുത്തിയത്.