താലികെട്ട് കഴിഞ്ഞു, കൈപിടിക്കാന്‍ നില്‍ക്കാതെ ‘മഷി പുരട്ടാന്‍’ വധുവിനെ പോളിങ് ബൂത്തില്‍ എത്തിച്ച് വരന്‍; ഇത് രാജ്യത്തോടുള്ള കടമയെന്ന് വധു

സമ്മതിദാന അവകാശം നമ്മുടെ കടമയാണ്. അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും വോട്ടു ചെയ്തു'

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. വോട്ട് ചെയ്യാന്‍ പോകുന്നില്ലേ എന്നുള്ള ചോദ്യത്തിന് പലരുടെയും മറുപടി വോട്ട് ചെയ്തിട്ട് നമുക്കെന്ത് കാര്യമെന്നാണ്. അമേരിക്കയില്‍ നിന്നും മറ്റും തന്റെ വോട്ട് രേഖപ്പെടുത്താന്‍ പാഞ്ഞെത്തുന്നവര്‍ക്കിടയിലാണ് ചിലര്‍ നിസംഗ സമീപനം കൈകൊള്ളുന്നത്. എന്നാല്‍ അവര്‍ക്ക് മാതൃകയാവുകയാണ് പുനെ സ്വദേശിനിയായ ഒരു വധു. വിവാഹദിനത്തില്‍ പരീക്ഷ വരുമ്പോള്‍ അത് എഴുതാന്‍ വിവാഹ വേഷത്തില്‍ പാഞ്ഞെത്തുന്നവര്‍ ഉണ്ട്.

എന്നാല്‍ ഇവിടെ പരീക്ഷയല്ല, വിവാഹദിനത്തില്‍ തെരഞ്ഞെടുപ്പാണ് നടന്നത്. താലികെട്ട് കഴിഞ്ഞ ഉടനെ വസ്ത്രം പോലും മാറാതെ തന്റെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരിക്കുകയാണ് വധു. ഇത് തന്റെ അവകാശമാണെന്നും അതിനെ ഉപയോഗിക്കണമെന്നും വധു വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. മണിക്കൂര്‍ നേരം നിന്നാണ് യുവതി തന്റെ വോട്ട് രേഖപ്പെടുത്തിയത്. ‘സമ്മതിദാന അവകാശം നമ്മുടെ കടമയാണ്. അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും വോട്ടു ചെയ്തു’ യുവതി പറയുന്നു.

താലികെട്ട് കഴിഞ്ഞ ഉടനെ വരനാണ് വധുവിനെ പോളിങ് ബൂത്തിലെത്തിച്ചത്. പരമ്പരാഗത മഹാരാഷ്ട്രിയന്‍ സാരിയും ആഭരണങ്ങളും അണിഞ്ഞാണ് വധു പോളിങ് ബൂത്തിലെത്തിയത്. വോട്ട് ചെയ്ത ശേഷം മഷിയടയാളം പതിച്ച വിരലിന്റെ ചിത്രം വധു സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സംഭവം ഏതായാലും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. വോട്ട് ചെയ്യാന്‍ മടി കാണിക്കുന്നവര്‍ക്കും മറ്റും മാതൃകയാണ് ഇവര്‍.

Exit mobile version