ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരിക്ക് നോട്ടീസ് നല്കി അന്വേഷണ സമിതി. ജസ്റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചത്. പരാതിക്കാരി ഏപ്രില്‍ 26 ന് സമിതിക്ക് മുമ്പാകെ ഹാജരാകണമെന്നും പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇന്നലെയാണ് പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് എന്‍വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ഈ പരാതിയിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക.
അതേസമയം, ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്ദന്‍ നരിമാന്, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ജെറ്റ് എയര്‍വേയ്സിന്റെ ഉടമ നരേഷ് ഗോയലും വാതുവെയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മയുമാണെന്നാണ് ഉത്സവ് ബെയ്ന്‍സ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയര്വേയ്സിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങള്‍ എഴുതിത്തള്ളാനുമായി നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്ന്സിന്റെ വെളിപ്പെടുത്തല്‍.
കോഴ കൊടുക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ഇത്തരത്തിലൊരു വ്യാജ ലൈംഗിക ആരോപണമുന്നയിച്ചതെന്നും ഉത്സവ് ബെയ്ന്‍സ് പറഞ്ഞു. അതേസമയം ലൈംഗിക ആരോപണം നിഷേധിച്ച് രഞ്ജന്‍ ഗൊഗോയ് രംഗത്തെത്തിയിരുന്നു. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്നും താന്‍ ഒരിക്കലും രാജിവെയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post