ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. രാഷ്ട്രീയത്തിനപ്പുറത്തുള്ള തന്റെ വ്യക്തി ജീവിതമാണ് മോഡി ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. അമ്മയുമായുള്ള അടുത്ത സ്നേഹബന്ധവും സന്യാസിയാകാന്‍ ആഗ്രഹിച്ചിരുന്നെന്ന വെളിപ്പെടുത്തലിനും പിന്നാലെ, രാഷ്ട്രീയ വൈര്യങ്ങള്‍ക്ക് അപ്പുറമുള്ള സൗഹൃദങ്ങളും മോഡി തുറന്നു പറയുന്നു.
രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി മോഡിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനവും തിരിച്ചടിയും നേരിടേണ്ടി വരുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയില്‍ നിന്നാണ്. എന്നാല്‍ മമതാ ബാനര്‍ജി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും പ്രതിപക്ഷ നിരയില്‍ തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്നും പ്രധാനമന്ത്രി പറയുന്നു.
‘പ്രതിപക്ഷ നിരയില്‍ എനിക്ക് ഒരുപാട് അടുത്ത സുഹൃത്തുക്കളുണ്ട്. വര്‍ഷത്തില്‍ ഒരിക്കലോ രണ്ടുതവണയോ ഞങ്ങള്‍ ഒരുമിച്ചുകൂടി സൗഹൃദം പുതുക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. മുമ്പ് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി പോലുമല്ലാതിരുന്ന കാലത്ത്, പാര്‍ലമെന്റില്‍ ചില ആവശ്യങ്ങള്‍ക്കായി പോവേണ്ടി വന്നു. അന്ന് ഗുലാം നബി ആസാദുമായി സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണ് നടത്തിയത്. പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ ചോദിച്ചു ആര്‍എസ്എസുകാരനായ നിങ്ങള്‍ക്ക് എങ്ങനെ ഗുലാം നബിയുമായി സൗഹൃദം സ്ഥാപിക്കാനാകുമെന്ന്. അന്ന് അദ്ദേഹം പറഞ്ഞത്, നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്, ഈ സംഘടനകളിലുള്ളവര്‍ തമ്മിലുള്ള ബന്ധം. ഒരു കുടുംബം പോലെയാണ് ഞങ്ങളെന്നാണ്.’- കോണ്‍ഗ്രസ് നേതാവുമായുള്ള അടുത്തബന്ധത്തെ കുറിച്ച് മോഡി പറയുന്നതിങ്ങനെ.
ദീദിയെന്ന് വിളിക്കുന്ന മമതാ ബാനര്‍ജിയുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് മോഡി തുടരുന്നു. ‘മമതാ ദീദി വര്‍ഷത്തില്‍ എനിക്ക് പ്രത്യേകം തെരഞ്ഞെടുത്ത കുര്‍ത്തകള്‍ സമ്മാനിക്കാറുണ്ട്. ഈ വര്‍ഷവും രണ്ടോ മൂന്നോകുര്ത്തകള് സമ്മാനിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന വര്‍ഷത്തില്‍ മൂന്നോ-നാലോ തവണ സ്പെഷ്യല്‍ ധാക്ക മധുരപലഹാരങ്ങള്‍ അയക്കാറുണ്ട്. ഇതറിഞ്ഞതിനു ശേഷം ദീദിയും എനിക്ക് മധുരം അയക്കുന്നത് പതിവാക്കി.’- മോഡി പറയുന്നു.
അതേസമയം, സോഷ്യല്‍മീഡിയയെ അടക്കം മോഡിയുടെ ഈ വെളിപ്പെടുത്തല്‍ അമ്പരപ്പിച്ചിട്ടുണ്ട്. മോഡിയുടെയും കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റേയും ഏറ്റവും വലിയ വിമര്‍ശകയാണ് മമതാ ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ മമത, മോഡിക്കെതിരെ ആഞ്ഞടിക്കുന്നത് പതിവുമാണ്.