ന്യൂഡല്‍ഹി: സ്വന്തം ജീവിതത്തെ കുറിച്ച് മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലളിതമായി നടന്ന ജീവിതത്തെ കുറിച്ചും മോഡി വെളിപ്പെടുത്തുന്നുണ്ട്. കരിതേപ്പുപെട്ടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ തേച്ചിരുന്നത് മുതല്‍ അമ്മ നല്‍കാറുള്ള നാണയതുട്ടുകള്‍ വരെയുള്ള കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ തുറന്ന് പറച്ചില്‍.
ദിനവും നാല് മണിക്കൂര്‍ മാത്രമാണ് താന്‍ ഉറങ്ങാറുള്ളതെന്ന് മോഡി പറയുന്നു. പലരും അല്‍പ്പം കൂടി ഉറങ്ങണമെന്ന് നിര്‍ദേശിക്കുമ്പോഴും അതിന് സാധിക്കാറില്ലെന്നും പ്രധാനമന്ത്രി പറയുന്നു. അതേസമയം വിരമിക്കുന്നതിനെ കുറിച്ചും മോഡി വെളിപ്പെടുത്തി. തല്‍ക്കാലം അതിന് ഉദ്ദേശിക്കുന്നില്ലെന്നാണ് മോഡി പറയുന്നത്. വിരമിക്കേണ്ടിവരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്ന് മോഡി വ്യക്തമാക്കി. ട്രംപുമായുള്ളത് വളരെ അടുത്ത സൗഹൃദമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഠിനാദ്ധ്വാനികളെ വിജയം എന്നും പിന്തുടര്‍ന്നിട്ടൊള്ളൂവെന്നും മോഡി അവകാശപ്പെടുന്നുണ്ട്. കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ചെലവിനുള്ള പൈസ ഇപ്പോഴും അമ്മ നല്‍കാറുണ്ടെന്നും പ്രധാനമന്ത്രി തുറന്ന് പറഞ്ഞു. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും, താന്‍ ഭയങ്കര കര്‍ക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാറില്ലെന്നും മോഡി പറയുന്നു.
രാജ്യം മൂന്നാംഘട്ട തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ വോട്ട് ചെയ്യാന്‍ മോഡി എത്തിയത് അമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു. അതും വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും മറ്റും ഇടംപിടിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പാണ് മോഡി ഗാന്ധി നഗറിലെ വീട്ടില്‍ എത്തി അമ്മ ഹീരാബെന്നിന്റെ അനുഗ്രഹം തേടിയത്. പത്ത് മിനിറ്റോളം വീട്ടില്‍ ചെലവഴിച്ച മോഡിക്ക് ഹീരാബെന്‍ വളരെ സവിശേഷമായൊരു ഷാളും സമ്മാനം നല്‍കിയാണ് മടക്കി അയച്ചത്.