ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തി. മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലാണ് സമിതി. ജസ്റ്റിസുമാരായ എന്‍വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്.
ചീഫ് ജസ്റ്റിസിന് എതിരായുള്ള ലൈംഗികാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.പിന്നാലെ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന ആരോപണം ഫുള്‍ കോര്‍ട് നേതൃത്വം നല്കുന്ന സമിതി അന്വേഷിക്കണമെന്ന് അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സുപ്രീംകോടതി മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു.
Discussion about this post