മുംബൈ: പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികര്‍ക്ക് വേണ്ടി തിരിച്ചടിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാകിസ്താനിലേക്ക് അയക്കാമെന്ന് മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പാതയില്‍ ഇന്ത്യ എത്തിയിരിക്കുകയാണ്. മോഡിയുടെ നിലപാടും സൈന്യത്തിന്റെ ധീരതയും കണ്ടിട്ട് ചൈനയും അമേരിക്കയും അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടു നല്‍കാന്‍ പാകിസ്താനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയെ ബോംബു വെച്ചു കെട്ടി വേറേതെങ്കിലും രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ പറഞ്ഞിരുന്നു. ‘അവര്‍ ചോദിക്കുന്നു എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ആരാണ് ഇത് ചെയ്തത് എന്ന്. എങ്കില്‍ നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ മേലെ ഒരു ബോംബു വെച്ചു കെട്ടി മറ്റൊരു രാജ്യത്തേക്ക് അയക്കുകയാണ് വേണ്ടത്. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും’- മുണ്ടെ പറയുന്നു.
ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കി പുല്‍വാമയില്‍ 40 ജവാന്മാര്‍ വീരമൃത്യു അടഞ്ഞത്. ജവാന്മാരുടെ മരണത്തിന് പകരം ചോദിക്കണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിരുന്നു. ശേഷം വ്യക്തമായ ആസൂത്രണത്തിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. എന്നാല്‍ ഇതുവരെയും സംഭവത്തിലെ കൃത്യമായ കണക്കുകളോ മറ്റോ പുറത്ത് വിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നിരവധി പേര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. തെളിവുകള്‍ നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ദേവേന്ദ്ര ഫട്‌നാവിസ് രംഗത്ത് വന്നത്.
Discussion about this post