പാട്ന: അവധി ലഭിക്കാത്തതിനാല്‍ പനി മൂര്‍ച്ഛിച്ച് സഹപ്രവര്‍ത്തക മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിഹാര്‍ പോലീസിലെ 400 ട്രെയിനി കോണ്‍സ്റ്റബിളുമാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഇരുപത്തിരണ്ടുകാരിയായ സവിതാ പഥക് എന്ന ട്രെയിനി ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സവിതയ്ക്ക് അവധി നിഷേധിച്ച ഡിഎസ്പി മൊഹമ്മദ് മഷ്ലുദ്ദീനെ ട്രെയിനികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. മൊഹമ്മദ് മഷ്ലുദ്ദീന്‍ ആശുപത്രിയിലാണ്.
പനി ബാധിച്ച സവിതയ്ക്ക് അവധി നല്കാന് മുതിര്‍ന്ന ഉദ്യോഗസ്ഥന് തയാറാകാതിരുന്നതാണ് സഹപ്രവര്‍ത്തകരെ രോഷാകുലരാക്കിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ട്രെയിനികളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ അംഗരക്ഷകര്‍ ആകാശത്തേക്കു നിറയൊഴിച്ചാണ് ട്രെയിനി പോലീസുകാരെ തുരത്തിയത്. ട്രെയിനികളില്‍ കൂടുതലും പെണ്‍കുട്ടികളാണ്
മൂന്നു ദിവസമായി കടുത്ത പനി അനുഭവപ്പെട്ടിരുന്ന സവിതയ്ക്ക് അവധി നിഷേധിച്ചുവെന്നും അവരെ കാര്‍ഗില്‍ ചൗക്കില്‍ ട്രാഫിക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നുമാണ് ആരോപണം. ബുധനാഴ്ച തീര്‍ത്തും അവശയായ സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
തുടര്‍ന്നു പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച ട്രെയിനികള്‍ സ്റ്റേഷനുകള്‍ക്കു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നശിപ്പിച്ചു. സെര്‍ജന്റ് മേജറിന്റെ വീടും ഓഫിസും ആക്രമിച്ചു. തുടര്‍ന്നു നിരത്തിലിറങ്ങിയ പോലീസ് ട്രെയിനികള്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. നാട്ടുകാര്‍ കല്ലെറിഞ്ഞതോടെ ഇവര്‍ പോലീസ് കോംപ്ലക്സിലേക്കു മടങ്ങി. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡിജിപി കെഎസ് ദ്വിവേദിയോട് ആവശ്യപ്പെട്ടു.
Discussion about this post