ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും വോട്ട് രേഖപ്പെടുത്തി. അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് മോഡി രാവിലെ വോട്ട് ചെയ്യാനെത്തിയത്. എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നരേന്ദ്ര മോഡി പറഞ്ഞു. കര്‍ത്തവ്യം നിറവേറ്റിയതില്‍ സന്തോഷമുണ്ട്. എല്ലാവരും വിവേകപൂര്‍വ്വം വേണം വോട്ട് ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം വലിയ ഭീഷണികള്‍ക്ക് നടുവിലൂടെ കടന്ന് പോകുന്നുവെന്നും മോഡി പറഞ്ഞു. ജനങ്ങളെ അഭിവാദ്യം ചെയ്ത് തുറന്ന് വാഹനത്തിലാണ് മോഡി വോട്ട് ചെയ്യാനെത്തിയത്. ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് മോഡി വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് സ്ഥാനാര്‍ത്ഥി. വലിയ ആരവങ്ങളോടെയാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ വരവേറ്റത്.
13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളും ഇന്ന് ഒറ്റഘട്ടത്തില്‍ വിധിയെഴുതും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു.