ഭോപ്പാല്‍: നരേന്ദ്ര മോഡി ഭഗവാന് ശ്രീകൃഷ്ണന്റെ അവതാരമാണെന്ന് പറഞ്ഞതിന് പിന്നാലെ പുതിയൊരു പ്രസ്താവനയുമായി പ്രജ്ഞ സിങ് താക്കൂര്‍ രംഗത്ത്. ഇത്തവണ ഗോമൂത്രത്തെ മഹത്വല്ക്കരിച്ചാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ഭീകരാക്രമണക്കേസ് പ്രതിയുമായ പ്രജ്ഞ സിങ് താക്കൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ സ്തനാര്‍ബുദം മാറാനുള്ള പ്രധാന കാരണം ഗോമൂത്രവും മറ്റ് പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചിട്ടാണെന്നാണ് പ്രജ്ഞ സിങ് പറഞ്ഞിരിക്കുന്നത്. ‘ഞാനൊരു കാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചിട്ടാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്’ പ്രജ്ഞ സിങ് പറഞ്ഞു. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണെന്നും ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഇതിന് പുറമെ ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെയുള്ള ഭാഗങ്ങളില്‍ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും ഇങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രജ്ഞ സിങ് പറഞ്ഞു.
Discussion about this post