ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബോക്സിങ് താരം വിജേന്ദര്‍ സിങ്ങ്. ന്യൂഡല്‍ഹിയിലെ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് വിജേന്ദറിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക്കാണ് വിജേന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
സിറ്റിങ് എംപി രമേഷ് ബിദുരിയും എഎപിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഎപിയുടെ കേണല്‍ ദേവീന്ദര്‍ സെഹ്രാവത്തിനെ 1,07,000 വോട്ടിനാണ് ബിദുരി പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ റൂബി യാദവിന് 1,25,213 വോട്ടാണ് ലഭിച്ചത്.
ജനസംഘം ദേശീയ അധ്യക്ഷനായിരുന്ന ബല്‍രാജ് മഥോക്, വികെ മല്‍ഹോത്ര, മദന്‍ലാല്‍ ഖുറാന, സുഷമ സ്വരാജ്, കോണ്‍ഗ്രസ് നേതാക്കളായ അര്ജുന് സിങ്, ലളിത് മാക്കന് എന്നിവരെ വിജയിപ്പിച്ച മണ്ഡലാണ് സൗത്ത് ഡല്‍ഹി.
2008ല്‍ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഈ നേട്ടം ആവര്‍ത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. പിന്നീട് പ്രൊഫഷണല്‍ ബോക്സിങ്ങിലേയ്ക്ക് മാറിയ വിജേന്ദര്‍ ഏഷ്യ പെസഫിക് സൂപ്പര്‍ മിഡില്വെയ്റ്റിലും ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടം ചൂടിയിട്ടുണ്ട്.
Discussion about this post