ഗാസിയാബാദ്: ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ ഭാര്യയേയും അഞ്ച് വയസിന് താഴെയുള്ള മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കൊലപാതക വിവരം കുടുംബത്തിന് വാട്‌സ്ആപ്പില്‍ അറിയിച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. സുമിത് കുമാര്‍ എന്ന ഗാസിയാബാദ് സ്വദേശിയാണ് കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ഭാര്യയേയും മൂന്ന് കുഞ്ഞുങ്ങളെയും ഇയാള്‍ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ശേഷം ഇയാള്‍ സൈനെയ്ഡ് വിഴുങ്ങുകയായിരുന്നു. ഡിസംബര്‍ മുതലാണ് സുമിത് തൊഴില്‍രഹിതനായത്. ഒക്ടോബറില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നെങ്കിലും രാജിവെക്കേണ്ടതായി വന്നു. അതിനുശേഷം കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതും ഇയാളെ അലട്ടിയിരുന്നു.
ബംഗളൂരുവിലെ ജോലി നഷ്ടമായ വിവരം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് സുമിത് ഭാര്യയോട് പോലും വെളിപ്പെടുത്തിയത്. ബംഗളൂരു വിട്ടതിനു ശേഷം ഇയാള്‍ കുടുംബത്തോടൊപ്പം ഗാസിയാബാദിലുള്ള വീട്ടിലെത്തി. ശേഷമുള്ള ജീവിതം അവിടെയായിരുന്നു. ഇവര്‍ക്കൊപ്പം ഭാര്യ അന്‍ഷു ബാലയുടെ മാതാപിതാക്കളും താമസിക്കുന്നുണ്ടായിരുന്നു. അധ്യാപികയാണ് അന്‍ഷു ബാല. പ്രഥ്‌മേഷ് (5), ആരവ് (4), ആകൃതി (4) എന്നിവരാണ് മക്കള്‍.
കൃത്യം നടത്തുന്ന സമയത്ത് അന്‍ഷുവിന്റെ മാതാപിതാക്കള്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് തിരികെ എത്തിയ ശേഷം സുമിത് മയക്കുമരുന്ന് മാഫിയയുമായി ചെറിയ ബന്ധമുണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെച്ചൊല്ലി സുമിത്തും അന്‍ഷുവും വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇരുവരും വഴക്കിടുന്നത് കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.