വാഹന മോഷ്ടാക്കള്‍ക്ക് കുരുക്കിടാന്‍ ഫോറന്‍സിക് വിഭാഗം; വണ്ടികളുടെ ഫോറന്‍സിക് ലാബ് റെഡി

ഡല്‍ഹി: നമ്മുടെ നാട്ടില്‍ നിരന്തരം വാഹന മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇങ്ങനെ അടിച്ചുമാറ്റുന്നതില്‍ ഭൂരിഭാഗം വാഹനങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിച്ചുവില്‍ക്കുന്നതിനാല്‍ അവ കണ്ടെടുക്കാന്‍ കഴിയാറില്ല. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഡല്‍ഹിയില്‍ ഒരു പ്രത്യേക സംഘം ഒരുങ്ങുന്നത്.

ഡല്‍ഹി ഫോറന്‍സിക് ലാബാണ് മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. പ്രത്യേക യൂണിറ്റും വാഹന മോഷണം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ സജ്ജമാക്കും.

ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത് ഡല്‍ഹി ഫോറന്‍സിക് സയന്‍സ് ലാബോട്ടറി ഡയറക്ടര്‍ ദീപാ വര്‍മയാണ്. ഡല്‍ഹിയില്‍ മാത്രം ദിവസേന 50ഓളം വാഹന മോഷണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനൊരു നീക്കം.

മോഷ്ടാക്കള്‍ മോഷ്ടിക്കുന്ന വാഹനങ്ങളുടെ എന്‍ജിന്‍, ചേസിസ് എന്നീ നമ്പറുകള്‍ മായിച്ച് കളയാറുണ്ട്. അതുകൊണ്ട് തന്നെ പരിശോധനയില്‍ ഇത് കണ്ടെത്താന് കഴിയാറില്ല. ഇതിനായി ഫോറന്‍സിക് വിഭാഗത്തിന്റെ കൈവശം പ്രത്യേകം കെമിക്കലും ഫോറന്‍സിക് ഫോട്ടോഗ്രഫിയും ഉണ്ടെന്നും ദീപ വര്‍മ പറഞ്ഞു. ഈ കെമിക്കല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യുകയും ബ്രഷ് ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്താന്‍ യഥാര്‍ഥ നമ്പര്‍ തെളിയുമെന്നും, ഫോറന്‍സിക് ഫോട്ടോഗ്രഫിയിലൂടെ ഇത് പകര്‍ത്തിയാല്‍ നമ്പര്‍ വ്യക്തമാകുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

Exit mobile version