ജയ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി
പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും ഇതാരും മറക്കരുതെന്നും ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനല്ല വച്ചിരിക്കുന്നതെന്ന് മോഡി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പാകിസ്താന് മോഡി മുന്നറിയിപ്പ് നല്‍കിയത്.
തീവ്രവാദികള്‍ക്ക് ശക്തമായ മറുപടി നല്കുന്ന ഒരു ഇന്ത്യയെയാണോ ഭീകരാക്രമണത്തിനുശേഷവും മൗനം പാലിക്കുന്ന ഒരു ഇന്ത്യയെയാണോ വേണ്ടതെന്ന് ചിറ്റോര്ഗില് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി ചോദിച്ചിരുന്നു.
ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഉണ്ടായ പ്രത്യാക്രമണത്തില്‍ പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ പാകിസ്താന്റെ കസ്റ്റഡിയിലായ അഭിനന്ദന് വര്‍ത്തമാനെക്കുറിച്ചും മോഡി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ഞങ്ങള്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് പാകിസ്താന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതായത് ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെ വെറുതെ വിടില്ലെന്ന്’ – മോഡി പറഞ്ഞു.
എന്നാല്‍ രണ്ടാം ദിവസം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന് മോഡി 12 മിസൈലുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ആക്രമിച്ചേക്കും എന്ന് പാകിസ്താനോട് പറഞ്ഞതോടെ, രണ്ടാം ദിവസം പൈലറ്റിനെ വിട്ടു തരാമെന്ന് പാകിസ്താന് ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് അമേരിക്ക പറഞ്ഞതാണെന്നും തനിക്ക് ഇതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും സമയമാകുമ്പോള്‍ എല്ലാം വിശദമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുല്‍വാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാന സൂചകമായിട്ടാണ് പാകിസ്താന് അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യക്ക് കൈമാറിയത്. എന്നാല്‍ പാകിസ്താന് ജനീവ കരാര്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, അതുകൊണ്ടാണ് അഭിനന്ദനെ വിട്ടു നല്‍കിയതെന്നും ഇന്ത്യന്‍ സൈനിക മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post