ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയ ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ ശമ്പളം നല്‍കണമെന്ന് ആവശ്യവുമായി ധനമന്ത്രി അരുണ്‍ ജയറ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മാസത്തെ ശമ്പളമെങ്കിലും നല്‍കണമെന്നും പണം അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ധനമന്ത്രി ഉറപ്പു നല്‍കിയിട്ടില്ല.
ജെറ്റ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ മൂന്നമാസത്തോളമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയ അവസ്ഥയിലാണ്. ശമ്പളക്കുടിശ്ശിക തീര്‍ക്കാതെ വിമാനം പറത്തില്ലെന്ന് വ്യക്തമാക്കി പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒരു മാസത്തെ ശമ്പളം എങ്കിലും അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയത്.
ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ഒരു മാസത്തെ ശമ്പളം എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അരുണ്‍ ജയറ്റ്ലി ജീവനക്കാര്‍ക്ക് ഉറപ്പൊന്നും നല്‍കിയില്ല. പക്ഷേ ജെറ്റ് എയര്‍വേസ് പ്രതിസന്ധി പരിഹരിക്കുന്നതിന് പരിശ്രമിക്കുമെന്നും കമ്പനി എന്നും നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞതായി ജീവനക്കാര്‍ വ്യക്തമാക്കി.
Discussion about this post