മുംബൈ: അധികാരം വീണ്ടും നരേന്ദ്ര മോഡിയുടെ കൈകളില്‍ എത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. തന്റെ കൈപിടിച്ചാണ് മോഡി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അധികാരം വീണ്ടും നരേന്ദ്ര മോഡിയുടെ കൈകളിലേക്ക് എത്തുന്നതില്‍ തനിക്ക് ഭയമുണെന്ന് ശരത് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ബരാമതിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അദ്ദേഹം മോഡി അധികാരത്തിലെത്തുന്നതിനെക്കുറിച്ചുള്ള തന്റെ പേടി തുറന്ന് പറഞ്ഞത്. ‘എന്റെ വിരല്‍ തുമ്പും പിടിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് മോഡി പറയുന്നു. എന്നാല്‍ ഇപ്പോള്‍ മോഡി അധികാരത്തിലെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പേടിയാവുന്നു. അധികാരം കൈയ്യിലെത്തിയാല്‍ ഈ മനുഷ്യന്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്ന് ശരത് പവാര്‍ പറയുന്നു.
ബരാമതിയില്‍ മത്സരിക്കുന്ന മകള്‍ സുപ്രിയ സുലെയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതായിരുന്നു ശരത് പവാര്‍. അവിടുത്തെ സിറ്റിങ് എംപി കൂടിയാണ് സുപ്രിയ. കടുത്ത പോരാട്ടം നടക്കുന്ന ഇവിടെ ഇത്തവണ സുപ്രിയയെ പരാജയപ്പെടുത്തി മണ്ഡലം ബിജെപി പിടിച്ചെടുക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
ഇത്തവണയും അധികാരം സ്വപ്‌നം കണ്ട് നടക്കുകയാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ഇല്ലെന്നും അതിനാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെ ബിജെപിക്ക് അധികാരത്തിലേറാന്‍ ആവില്ലെന്നും ശരത് പവാര്‍ വിലയിരുത്തുന്നു.