ഭോപാല്‍: മാലെഗാവ് സ്ഫോടനക്കേസില്‍ കുറ്റാരോപിതയായ പ്രജ്ഞ താക്കൂറിന്റെ വിവാദ പ്രസ്താവനയാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ താന്‍ നേതൃത്വം നല്കി എന്നും ഇനി അവിടെ രാമക്ഷേത്രം പണിയുമെന്നുമാണ് പ്രജ്ഞയുടെ വിവാദ പ്രസ്താവന. നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദ വിരുദ്ധസേന ഓഫീസര്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചു കൊന്നതാണ് എന്ന പ്രസ്താവന പ്രജ്ഞ നടത്തിയിരുന്നു. ബിജെപിയുടെ ഭോപാല്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് പ്രജ്ഞ താക്കൂര്‍.
നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ രാമക്ഷേത്രം ഞങ്ങള്‍ പണിയും. പള്ളി പൊളിച്ചത് ഞങ്ങളാണ്. എനിക്ക് അഭിമാനമുണ്ട് അത് ചെയ്യാന്‍ കഴിഞ്ഞതില്‍. ഞാന്‍ ഏറ്റവും മുകളില്‍ കയറിയാണ് പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയത്. ദൈവത്തോട് നന്ദിയുണ്ട്. രാജ്യത്ത് നിന്ന് ഒരു കറ തുടച്ചുനീക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു സ്വകാര്യ ചാനലില്‍ പ്രജ്ഞ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
മാലെഗാവ് സ്ഫോടനക്കേസ് നിലനില്‍ക്കെയാണ് പ്രജ്ഞ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോടതിയില്‍ നിന്ന് മത്സരിക്കാന്‍ അനുമതി വാങ്ങിയ പ്രജ്ഞയ്ക്ക് ബിജെപി സീറ്റ് നല്‍കുകയായിരുന്നു. ഈ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യായീകരിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് പ്രജ്ഞയ്ക്ക് നോട്ടീസ് നല്കി. ഒരുദിവസം തന്നെ രണ്ടാമത്തെ പെരുമാറ്റച്ചട്ടലംഘന നോട്ടീസ് ആണ് നല്‍കിയത്. തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷന് മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പ് നല്കി.
Discussion about this post