ന്യൂഡല്‍ഹി: ബിജെപിയിലെ പ്രമുഖ നേതാക്കള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് താക്കൂറിന് പിന്തുണയുമായി രംഗത്ത്. പ്രജ്ഞ സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചാണ് മോഡി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്ര കുത്തുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും കോണ്‍ഗ്രസ് നല്‍കേണ്ടി വരുന്ന വിലയാണിതെന്നുമാണ് മോഡി പ്രജ്ഞയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിലയിരുത്തിയത്.
മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ താക്കൂര്‍ ജാമ്യത്തിലിറങ്ങിയാണ് ബിജെപി സീറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഭോപ്പാലിലാണ് പ്രജ്ഞ സ്ഥാനാര്‍ത്ഥിയാകുന്നത്. പിന്നാലെ, ജാമ്യത്തിലിറങ്ങി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞ സിങിനെതിരെ കോണ്‍ഗ്രസ് രൂക്ഷഭാഷയില്‍ പ്രതിഷേധമറിയിച്ചിരുന്നു.
മാലേഗാവ് സ്‌ഫോടനത്തില്‍, ഏഴ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ത് കര്‍ക്കറെയെ അപമാനിക്കുന്ന പ്രസ്താവന നടത്തി പ്രജ്ഞ സിങ് വിവാദത്തിലകപ്പെട്ടിരുന്നു. ഹേമന്ത് കര്‍ക്കറയെ താന്‍ ശപിച്ചു കൊന്നതാണെന്നായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍. പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തതിനെ തുടര്‍ന്ന് പ്രജ്ഞ മാപ്പ് പറഞ്ഞും രംഗത്തെത്തി. തീര്‍ത്തും വ്യക്തിപരമാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപിയും കൈമലര്‍ത്തിയിരുന്നു.
Discussion about this post