പാകിസ്താനോട് പോരാടാന്‍ ചങ്കുറപ്പുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ട്; ബിജെപി സഖ്യത്തിന് പിന്നാലെ മോഡിയെ വാഴ്ത്തി ഉദ്ദവ് താക്കറെ

ജമ്മു കാശ്മീരും മറ്റ് സംസ്ഥാനങ്ങളുമായും നിലനില്‍ക്കുന്ന വ്യത്യാസം ഇല്ലാതാകണം.

ഔറംഗബാദ്: പാകിസ്താന് എതിരെ പോരാടാന്‍ കരുത്തനായ ഒരു ഭരണാധികാരിയെ ആവശ്യമുള്ളതുകൊണ്ടാണ് ബിജെപിയുമായി സഖ്യത്തിന് തയ്യാറായതെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ. ”പാകിസ്താനെ ആക്രമിക്കാന്‍ തക്ക ശക്തനായ ഒരു പ്രധാനമന്ത്രിയെ ശിവസേനയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ബിജെപിയുമായി സഖ്യത്തിലാകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.” ഔറംഗബാദില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ഉദ്ധവ് താക്കറെ പറഞ്ഞു.

ജമ്മു കാശ്മീരും മറ്റ് സംസ്ഥാനങ്ങളുമായും നിലനില്‍ക്കുന്ന വ്യത്യാസം ഇല്ലാതാകണം. കാശ്മീരിന് പ്രത്യേക പദവി ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ല്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ച ഉദ്ധവ് താക്കറെ ഈ ആര്‍ട്ടിക്കിള്‍ എടുത്തുകളയുകയാണെങ്കില്‍ മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള എന്നീ നേതാക്കള്‍ ത്രിവര്‍ണ്ണ പതാകയെ ബഹുമാനിക്കില്ലെന്നും ആരോപിച്ചു.

നേരത്തെ, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയാണെങ്കില്‍ പുതിയ ആവശ്യങ്ങളെക്കുറിച്ചും ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തെ കുറിച്ചും തീരുമാനമെടുക്കേണ്ടി വരുമെന്ന് മെഹ്ബൂബ മുഫ്തി പ്രതികരിച്ചിരുന്നു.

Exit mobile version