ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വോട്ട് രേഖപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തിന്റെ വിരലില്‍ പുട്ടിയ മഷി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇടത് കൈവിരലിന് പകരം രജനീകാന്തിന്റെ വലത് കൈവിരലിലാണ് മഷി പുരട്ടിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യപ്രദസാഹുവാണ് രജനീകാന്തിനെതിരെ രംഗത്തെത്തിയത്.
വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലെ ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ഇടത് കൈയില്‍ വിരലുകളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ വലത് കൈവിരലില്‍ മഷിയടയാളം രേഖപ്പെടുത്താന്‍ പാടുള്ളൂവെന്നാണ് നിയമം എന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി. ഇത് തെറ്റാണെന്നും നിയമപ്രകാരം ഇടത് കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടതെന്നും ഈ വിരലിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതേ കൈയ്യിലെ മറ്റ് വിരലുകളിലാണ് മഷി പുരട്ടേണ്ടതെന്നും സത്യപ്രദ സാഹു പറഞ്ഞു.
രജനീകാന്തിന്റെ വിഷയത്തില്‍ അബദ്ധം സംഭവിച്ചതാവാമെന്നും സത്യപ്രദസാഹു അഭിപ്രായപ്പെട്ടു. എന്നാല്‍ ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് അദ്ദേഹം പറഞ്ഞില്ല. ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് സാഹു വിശദീകരണം തേടി. ഓരോരുത്തരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പലയിടത്തും പ്രസംഗിച്ചിട്ടുള്ള ആളാണ് രജനീകാന്ത്. മാത്രമല്ല രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രജനി ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നതിന്റെ കാരണം അറിയില്ലെന്നാണ് സാഹു വ്യക്തമാക്കുന്നത്