ചെന്നൈ: അധിക സമയം ജോലി എടുക്കേണ്ടി വന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് എഞ്ചിന് ഡ്രൈവര്‍ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സീര്‍ക്കാഴിക്കു സമീപം വൈദ്ദീശ്വരന്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച്ച രാത്രിയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
അധിക സമയം ജോലി ചെയ്തെന്ന് പറഞ്ഞ് ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റായ മുത്തുരാജാണ് ഇത്തരത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തനെയ്വേലിയില്‍നിന്ന് ലിഗ്നൈറ്റുമായി കാരയ്ക്കല്‍ തുറമുഖത്തേക്ക് പോകുകയായിരുന്നു ഈ ട്രെയിന്‍. രാത്രി 7.30 ഓടെ വൈദ്ദീശ്വരന്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് കടന്നു പോകാന്‍ സിഗ്നല്‍ ലഭിച്ചു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് എടുത്തില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷന് മാസ്റ്റര്‍ കാര്യം അന്വേഷിച്ച് ചെന്നപ്പോഴാണ് തന്റെ ജോലിസമയം കഴിഞ്ഞെന്നും താന്‍ ഇപ്പോള്‍ 15 മിനിറ്റ് അധികം ജോലി ചെയ്തെന്നും ഇനി പറ്റില്ലെന്നും പറഞ്ഞ് മുത്തുരാജ് ട്രെയിനില്‍ നിന്നും ഇറങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഈ റൂട്ടില്‍ തിരുപ്പതി – കാരയ്ക്കല്‍ എക്സപ്രസ് അടക്കമുള്ള പ്രധാന വണ്ടികളെല്ലാം രണ്ട് മണിക്കൂറോളം വൈകി. ട്രെയിന്‍ ട്രാക്കില്‍ നിന്ന് എടുക്കാത്തത് കാരണം അടുത്തുള്ള ലെവല്‍ക്രോസ് അടിച്ചിട്ടതോടെ റോഡ് ഗതാഗതവും മുടങ്ങി. പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുത്തുരാജ് ട്രെയിന്‍ തൊട്ടടുത്തുള്ള മായാവരം സ്റ്റേഷനിലേക്ക് മാറ്റിയിടാന്‍ തയ്യാറായത്.
Discussion about this post