ബംഗളൂരു: കുരങ്ങുകളുടെ കുസൃതികളും ആക്രമണങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകാറുണ്ട്. അത്തരത്തിലൊരു കുരങ്ങിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മരണവീട്ടില്‍ കരയുന്ന സ്ത്രീയെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ കരയുമ്പോള്‍ അതിലെ ഒരു സ്ത്രീയെയാണ് കുരങ്ങന്‍ ആശ്വസിപ്പിക്കുന്നത്.
സംഭവം വിചിത്രമാണെങ്കിലും മനസിനെ കുളിര്‍പ്പിക്കുന്ന ഒന്നാണ്. മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന സ്ത്രീയുടെ അടുത്തേക്ക് നടന്നു വന്ന് അവരുടെ കൈയ്യിലും തോളിലും തട്ടി ആശ്വസിപ്പിക്കുകയാണ് ഈ കുരങ്ങന്‍. സ്ത്രീയുടെ തല തന്റെ മാറത്തേച്ച് ചായ്ച്ച് വച്ച് വേദന പങ്കിടുന്നുമുണ്ട്. കര്‍ണാടകയിലെ നര്‍ഗുണ്ട് എന്ന സ്ഥലത്തുള്ള 80കാരനാണ് മരണപ്പെട്ടത്. ബന്ധുക്കളെല്ലാം മൃതദേഹത്തിനരികെ വിഷമിച്ചിരിക്കുന്ന സമയത്താണ് കുരങ്ങന്‍ അവിടേക്ക് നടന്ന് വരുന്നത്.
കരയുന്ന പലരെയും ഈ കുരങ്ങന്‍ മാറി മാറി നോക്കുന്നുണ്ട്. ശേഷമാണ് ഒരാളെ ആശ്വസിപ്പിക്കാന്‍ എത്തിയത്. മനുഷ്യനെപ്പോലെ തന്നെ വിവേകപരമായി പെരുമാറുവാന്‍ കുരങ്ങിനും കഴിയും എന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ഇതാദ്യമല്ല ഈ കുരങ്ങന്‍ ഇങ്ങനെ ചെയ്യുന്നത്. ഒരു വര്‍ഷത്തോളമായി ഇത് പല മരണവീടുകളിലും എത്തുന്നുണ്ട്. അവിടെയുള്ളവര്‍ പരസ്പരം ആശ്വസിപ്പിക്കുന്നത് കണ്ട് അതുപോലെ അനുകരിക്കുമെന്നാണ് പ്രദേശവസികള്‍ പറയുന്നത്. മാത്രമല്ല ഇപ്പോള്‍ ഈ നാട്ടിലെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഈ കുരങ്ങന്‍ വരണമെന്ന സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
Discussion about this post