ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഉണ്ടായ അസാധാരണ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ചീഫ് ജസ്റ്റിസിനെതിരായി മുന്‍കോടതി ജീവനക്കാരിയായ യുവതി ഉയര്‍ത്തിയ ലൈംഗിക പീഡന പരാതി ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിങ് ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
കറകളഞ്ഞ ന്യായാധിപനായിരിക്കുക പ്രയാസമാണെന്നും 20 വര്‍ഷമായി ജഡ്ജിയായിരിക്കുന്ന തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് വ്യാജ ആരോപണമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പണം കൊണ്ട് സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഇത്തരത്തിലുള്ള നീക്കമെന്നും ജസ്റ്റിസ് പറയുന്നു. പക്ഷപാതമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരുമെന്നും താന്‍ രാജിവെയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ് നടത്തുന്നത് അപൂര്‍വ്വ നടപടിയാണ്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയില്‍ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരും ബഞ്ചിലുണ്ട്. രാവിലെ പത്തേമുക്കാലോടെയാണ് സിറ്റിംഗ് തുടങ്ങിയത്. ബഞ്ച് ഉത്തരവിറക്കിയിട്ടില്ല. എന്താണ് സുപ്രീംകോടതിയുടെ അടിയന്തര സിറ്റിംഗിന് വിഷയമാകുന്നതെന്ന് കൃത്യമായി പുറത്തുവിട്ടിട്ടില്ല. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയിലെത്തിയിരുന്നു.
യുവതിക്കെതിരെ രണ്ട് എഫ്ഐആറുകള്‍ നിലവിലുണ്ടെന്നാണ് സൂചന. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ മെഹ്തയും ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മുന്‍കോടതി ജീവനക്കാരിയായ 35കാരിയാണ് രംഗത്തെത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റ്സിന്റെ വസതിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നല്കിയ പരാതിയില്‍ യുവതി ആരോപിക്കുന്നത്. കാരവനും സ്ക്രോളുമുള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരായ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്ന യുവതിയുടെ ലൈംഗികപീഡന പരാതി പുറത്തു വിട്ടത്. ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.
സാധാരണ ഒരാള്‍ ഹര്‍ജി നല്കുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലും വിഷയം പരാമര്‍ശിക്കുമ്പോഴോ ആണ് കോടതികള്‍ ഒരു കേസ് പരിഗണിക്കുന്നതും സിറ്റിങ് ചേരുന്നതും. അല്ലെങ്കില്‍ കത്തുകളോ അല്ലെങ്കില്‍ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിയ്ക്ക് പരിഗണിക്കാം.
Discussion about this post