ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റേയും ഉത്തരാഖണ്ഡിന്റേയും മുഖ്യമന്ത്രിയായിരുന്ന എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. മൂക്കില്‍ നിന്നും രക്തം വന്ന് മരിച്ചനിലയില്‍ ഭാര്യയാണ് രോഹിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തിലെ അസ്വാഭാവികത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഭാര്യ അപൂര്‍വ്വയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
നേരത്തെ, എന്‍ഡി തിവാരിക്കെതിരെ ഏഴുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മകനായി രോഹിത് അംഗീകരിക്കപ്പെട്ടത്. ഈ സംഭവവുമായി മരണത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സ്വാഭാവികമല്ലെന്ന് കണ്ടെത്തി. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മാക്‌സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായാണ് ആദ്യം ബന്ധുക്കള്‍ പറഞ്ഞിരുന്നത്. വീട്ടിലെ ഏഴ് സിസിടിവി കാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഡല്‍ഹി ക്രൈം ബ്രാഞ്ചിന് കൈമാറി. ഇവരെത്തി വീട്ടംഗങ്ങളെയും ജോലിക്കാരെയും ചോദ്യം ചെയ്യും.
നേരത്തെ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന എന്‍ഡി തിവാരിക്കെതിരേ നടത്തിയ നിയമപോരാട്ടങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു രോഹിത്. ആദ്യം തന്നെ മകനായി അംഗീകരിക്കണമെന്ന രോഹിതിന്റെ വാദം തിവാരി തള്ളിയിരുന്നു. പിന്നീട് ഡല്‍ഹി ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് രോഹിത് തിവാരിയുടെ മകനാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും കോടതി ഉത്തരവിലൂടെ സ്ഥാപിക്കുകയും ചെയ്തത്. രോഹിത്തിന് അനുകൂലമായ കോടതി വിധി വന്നതോടെ 83ാം വയസില്‍ തിവാരി രോഹിതിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ വിവാഹം ചെയ്തിരുന്നു.