ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായ മുസ്ലീം മതവിശ്വാസിയുടെ ശരീരത്തില്‍ ഓം എന്ന് പച്ചകുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൌഹാനെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.
നാലാം നമ്പര്‍ ജയിലില്‍ കഴിയുന്ന നബ്ബിര്‍ എന്ന തടവുകാരന്റെ ദേഹത്താണ് ഓം ചിഹ്നം പച്ചകുത്തിയത്. ഇതുമായി ബന്ധപ്പെട്ട് തടവുകാരുടെ മൊഴി എടുക്കാനും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്കും ജയില്‍ അധികൃതര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഡിഐജി അന്വേഷണം ആരംഭിച്ചതായും, നബ്ബീറിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയതായും ഉടന്‍ തന്നെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജയില്‍വകുപ്പ് മേധാവി അറിയിച്ചു. തനിക്ക് ക്രൂരമായ പീഡനമാണ് ജയിലില്‍ അനുഭവിക്കേണ്ടി വന്നതെന്ന് നബ്ബിര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കി. നബ്ബീറിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post