ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്സിലെ ജീവനക്കാര്‍ക്ക് ആശ്വാസവുമായി സ്‌പൈസ് ജെറ്റ്. ജെറ്റ് എയര്‍വെയ്സിലെ പൈലറ്റുമാരെയും എയര്‍പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ ടെക്നിക്കല്‍ ജീവനക്കാരെയും സ്പൈസ് ജെറ്റ് ജോലിയ്ക്കെടുക്കുന്നു.
നിലവില്‍ 100 പൈലറ്റുമാരെയും 200 കാബിന്‍ ക്രു ജീവനക്കാരെയും 200 ടെക്നിക്കല്‍, എയര്‍പോര്‍ട്ട് സ്റ്റാഫ് ജീവനക്കാരെയും ജെറ്റ് എയര്‍വെയ്സില്‍ നിന്നും സ്പൈസ് ജെറ്റ് ജോലിയ്ക്കെടുത്തിട്ടുണ്ട്. ആദ്യ പരിഗണന ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ക്കാണെന്നും സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്.
സര്‍വീസ് നിര്‍ത്തിയതോടെ ജെറ്റ് എയര്‍വെയ്സിന് കീഴിലുള്ള ആയിരത്തോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. അതേസമയം പുതുതായി 27 വിമാനങ്ങള്‍ കൂടി സര്‍വീസിനെത്തിച്ച് ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്പൈസ് ജെറ്റ്. നിലവില്‍ സ്പൈസ് ജെറ്റിന് 76 വിമാനങ്ങളാണുളളത്.
ജെറ്റ് എയര്‍വെയ്‌സിന്റെ അഞ്ചു വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറാണെന്ന് പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. കമ്പനിയില്‍ നിന്നും 150 പേരെ ജോലിക്കെടുത്തതായും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.