ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ രംഗത്ത്. 150 ക്യാബിന് ക്രൂ അംഗങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ജോലി നല്‍കിയിരിക്കുന്നത്. നേരത്തേ ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് ബോയിങ് വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ജെറ്റ് എയര്വേയ്സില് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് സൗജന്യ യാത്ര സൗകര്യവും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. അബുദാബി, മസ്കറ്റ്, ദുബായ്, ദമാം, ജിദ്ദ, പാരീസ്, ലണ്ടന്‍ സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജെറ്റ് എയര്‍വേയ്സിന്റെ കണ്‍ഫേം ടിക്കറ്റുകള്‍ക്ക് മാത്രമാണ് എയര്‍ ഇന്ത്യയുടെ ഈ സൗജന്യ നിരക്ക് ലഭിക്കുക. നേരിട്ടുള്ള വിമാനത്തില്‍ എക്കണോമി ക്ലാസ്സിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ മാസം 28ന് മുമ്പായി ഈ ആനുകൂല്യം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
അതേസമയം സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തി വെച്ചതിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്ന ജീവനക്കാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.
Discussion about this post